എന്താണ് വീഡിയോ KYC?

ഓൺലൈനായി ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും എടുക്കുന്ന ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് വീഡിയോ കോൾ KYC . പ്രത്യേകിച്ച് അല്പം പ്രായമായവർക്കും ഇംഗ്ലീഷിൽ വലിയ പരിജ്ഞാനം ഇല്ലാത്തവർക്കും . ഇക്കാരണത്താൽ അക്കൗണ്ടോ ക്രെഡിറ്റ് കാർഡോ ഓൺലൈനായോ എടുക്കാൻ മടിക്കുന്നവരുമുണ്ട്.

പ്രാദേശിക ഭാഷയിൽ വീഡിയോ കോൾ കെവൈസി സൗകര്യം ബാങ്കുകൾ ഒരുക്കാത്തതും ഇതിനൊരു കാരണമാണ്.പുതു തലമുറ ബാങ്കുകളും നിയോ ബാങ്കുകളുമെല്ലാം വീഡിയോ കോൾ കെവൈസിയിലേക്ക് പൂർണമായും മാറിയിട്ടുണ്ട്.ഒരു സാമ്പത്തിക സ്ഥാപനം എന്ന നിലയിൽ തങ്ങളുടെ കസ്റ്റമറുടെ കെവൈസി വിവരങ്ങൾ വീഡിയോ കോളിലൂടെ എടുക്കാൻ സാധിക്കുന്നത് ബാങ്കുകളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വളരെ ലളിതമാക്കുന്നു. ഉപഭോക്താവിനും ഇത് വളരെ ഉപകാരപ്രദമാണ്.

പലരും ഭയപ്പെടുന്നതു പോലെ വീഡിയോ കോൾ കെവൈസി വളരെ പ്രയാസമേറിയ ഒന്നല്ല. ഏത് സാമ്പത്തിക സ്ഥാപനത്തിൽ നിന്നാണോ നിങ്ങൾ ക്രെഡിറ്റ് കാർഡോ ബാങ്ക് അക്കൗണ്ടോ എടുത്തത് അവരുടെ സ്റ്റാഫുമായിട്ടുള്ള രണ്ടോ മൂന്നോ മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കോൾ മാത്രമാണ് കെവൈസി പ്രോസസ്. ഇംഗ്ലീഷിൽ വലിയ പരിജ്ഞാനം ഇല്ലെങ്കിലും ഇത് വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതാണ്.

വീഡിയോ കോൾ കെവൈസി തുടങ്ങുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.ഒറിജിനൽ പാൻ കാർഡ്, വെള്ള പേപ്പർ , പേന തുടങ്ങിയവ തയ്യാറാക്കി വെക്കണം.ലാമിനേറ്റ് ചെയ്തതോ ഫോട്ടോസ്റ്റാറ്റ് എടുത്തത് ആയ പാൻ കാർഡ് വീഡിയോ കോളിൽ സ്വീകാര്യമല്ല. ഇൻസ്റ്റന്റ് E പാൻ എടുത്തവർക്കും ഒറിജിനൽ ഫിസിക്കൽ പാൻ കാർഡ് ഉണ്ടെങ്കിൽ വീഡിയോ കോൾ കെവൈസി വിജയകരമായി പൂർത്തിയാക്കാവുന്നതാണ്. വീഡിയോ കോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന നിങ്ങളുടെ സ്മാർട്ട് ഫോണിൽ നല്ല ഇൻറർനെറ്റ് കണക്ടിവിറ്റി ഉണ്ടെന്ന് ഉറപ്പുവരുത്തണം.

കെവൈസി പ്രോസസ് തുടങ്ങിയാൽ നിങ്ങളുടെ പേരും മറ്റും തുടങ്ങി അല്പം വ്യക്തിഗത വിവരങ്ങൾ ബാങ്കിൻറെ സ്റ്റാഫ് നിങ്ങളോട് ചോദിക്കുന്നതാണ്. മാത്രമല്ല പാൻ കാർഡിന്റെ ഫോട്ടോ എടുക്കുന്നതാണ്.അതോടൊപ്പം നിങ്ങളുടെ ഒരു ഫോട്ടോയും എടുക്കും.

കെവൈസി നടക്കുന്നതിനിടയിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കോ മറ്റുള്ളവർക്കോ നിങ്ങളെ സഹായിക്കാൻ പറ്റില്ല.അത്തരത്തിൽ സഹായങ്ങൾ സ്വീകരിച്ചാൽ കെവൈസി പകുതി വച്ച് നിർത്തപ്പെടും.ആയതിനാൽ ഭാഷാ പരിജ്ഞാനം ഇല്ലാത്തവർ അടിസ്ഥാനപരമായ കുറച്ചു കാര്യങ്ങൾ എഴുതിവെക്കുകയും പഠിച്ചുവെക്കുകയോ ചെയ്തശേഷം വീഡിയോ കോൾ കെവൈസി ചെയ്യുക.

കെവൈസി ഒരിക്കൽ പരാജയപ്പെട്ടാൽ വീണ്ടും പലതവണയായി ചെയ്യാൻ സാധിക്കും.
ഓൺലൈനായി അക്കൗണ്ട് തുടങ്ങിയവർ നിശ്ചിത സമയപരിധിക്കുള്ളിൽ കെവൈസി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് അനുവദിച്ച സാമ്പത്തിക സേവനം ബാങ്ക് പൂർണ്ണമായും നിർത്തിവെക്കാൻ നിർബന്ധിതരാകും.ബാങ്ക് നിഷ്കർഷിക്കുന്ന സമയക്രമം പാലിച്ച് കെവൈസി പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

Abdul Rasheed Mukkam